മാര്‍തോമാശ്ലീഹായുടെ പാലയൂരിലെ അത്ഭുതപ്രവര്‍ത്തിയും പകലോമറ്റം കുടുംബവും
ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടിന്‍റെ 52-)o ആണ്ടില്‍, യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലന്‍ വിശുദ്ധ തോമാശ്ലീഹാ കേരളത്തിലേക്കു(ചേരനാട്) നടത്തിയ സുവിശേഷ പ്രഘോഷണയാത്രയില്‍ കൊടുങ്ങല്ലൂരില്‍ (മുസ്സിരിസ്) വന്നിറങ്ങി, തദ്ദേശീയരോടും കുടിയേറ്റക്കാരായ യഹൂദന്മാരോടും ക്രിസ്തുവിന്‍റെ രക്ഷണ്യസുവിശേഷം അറിയിച്ചശേഷം, പാലയൂരില്‍ തോമാശ്ലീഹാ നടത്തിയ തളിക്കുളത്തിലെ അത്ഭുതപ്രവര്‍ത്തിയോടെ ക്രിസ്തുമതം സ്വീകരിച്ച് മാമോദീസാമുങ്ങിയ പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ ബ്രാഹ്മണകുടുംബാംഗങ്ങള്‍, നവീന വിശ്വാസത്തിനെതിരെ ഭൂരിപക്ഷ സമുദായാംഗങ്ങളില്‍നിന്നുണ്ടായ എതിര്‍പ്പുമൂലം പാലയൂരില്‍നിന്നും പലായനം ചെയ്യേണ്ടിവന്നതും, ചേരനാടിന്‍റെ തെക്കുഭാഗത്തേക്ക് അങ്കമാലി, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലൂടെ യാത്രചെയ്ത് കുറവിലങ്ങാട്ട് കാളികാവില്‍ അഭയംതേടി, അതേ നാല് ഇല്ല നാമങ്ങളിലായിത്തന്നെ വാസംചെയ്ത സംഭവപരമ്പരകള്‍, കേരള ക്രിസ്തീയ സഭയുടെ അംഗീകരിക്കപ്പെട്ട ചരിത്രത്തിന്‍റെ ഭാഗമാണ്.
നസ്രായനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തെ പിന്തുടര്‍ന്ന നസ്രാണി ബ്രാഹ്മണകുടുംബങ്ങളില്‍, പകലോമറ്റം ബ്രാഹ്മണര്‍ പരമ്പരാഗതമായി വേദ ആചാര്യന്മാരായിരുന്നതിനാലാകാം, മാര്‍തോമാശ്ലീഹാ അവര്‍ക്ക് പുരോഹിത, മുഖ്യപുരോഹിത സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കിയത്. സ്നാനപ്പെട്ട മുതിര്‍ന്ന ബ്രാഹ്മണകുടുംബാംഗങ്ങളെ പുരോഹിതന്‍ (ഔപ്പന്‍) ആയും, പാണ്ഡിത്യമുള്ള മുതിര്‍ന്ന കുടുംബാംഗങ്ങളെ മഹാപുരോഹിതന്‍ (വല്യഔപ്പന്‍/മൂപ്പന്‍) ആയും മാര്‍തോമാശ്ലീഹ അഭിഷേകംചെയ്തു. ക്രി.വ.345-ല്‍ ക്നായിതോമായുടെ കൂടെ എഡേസ്സായില്‍നിന്നുവന്ന മാര്‍യൌസേഫ് മെത്രാനാല്‍ വാഴിക്കപ്പെട്ട ഒന്നാം ‘അര്‍ക്കദിയാക്കോന്‍’ മുതല്‍, മാര്‍തോമാ മെത്രാന്മാരുടെകാലം ക്രി.വ.1653-ലെ കൂനന്‍കുരിശു സത്യത്തിനുശേഷം തുടങ്ങുന്നതുവരെയുള്ള ഏതാണ്ട് 1300 വര്‍ഷങ്ങള്‍ക്കുമേലെ മലങ്കരസഭയെ നയിച്ച, ‘ജാതിക്കുകര്‍ത്തവ്യന്‍‘ എന്ന് അര്‍ത്ഥം വരുന്ന ‘അര്‍ക്കദിയാക്കോന്മാര്‍’ പകലോമറ്റം കുടുംബത്തില്‍ നിന്നായിരുന്നു. അതുപോലെ, ക്രി.വ.1653-ല്‍ മാര്‍തോമാ ഒന്നാമന്‍ മുതല്‍ ക്രി.വ.1816-ല്‍ മാര്‍തോമാ ഒമ്പതാമന്‍ വരെയുള്ള 163 വര്‍ഷങ്ങളിലും തുടര്‍ച്ചയായി മലങ്കരസഭയെ നയിച്ചിരുന്നതും പകലോമറ്റം കുടുംബത്തില്‍നിന്നുള്ള മെത്രാന്മാരാണ്. ക്രി.വ.1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിലെ ലത്തീന്‍വല്‍ക്കരണ ശ്രമങ്ങളെത്തുടര്‍ന്നുണ്ടായ, ക്രി.വ.1653-ലെ കൂനന്‍കുരിശുസത്യത്തിനുശേഷം രണ്ടായ കേരളസഭയിലെ ‘പഴയകൂറ്റുകാര്‍’ എന്നറിയപ്പെട്ട റോമാന്‍കത്തോലിക്കാ സഭയില്‍ ഏതാണ്ട് ക്രി.വ.1700-വരെ പകലോമറ്റം ‘അര്‍ക്കദിയാക്കോന്‍’ സ്ഥാനം നിലനിന്നു. കുറവിലങ്ങാട്ട് കാളികാവ് എന്ന സ്ഥലത്തിനടുത്ത് പകലോമറ്റം തറവാട്പള്ളിവളപ്പില്‍, പകലോമറ്റം അര്‍ക്കദിയാക്കോന്‍മാരുടേതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ചു കബറിടങ്ങള്‍ കാണപ്പെടുന്നുണ്ട്.
പകലോമറ്റം കുടുംബത്തിലെ വല്യഔപ്പന്റെ കുറവിലങ്ങാട്ടുനിന്നു ചെങ്ങന്നൂരിലേക്കുള്ള യാത്ര
കാടുവെട്ടൂര്‍ മൂലകുടുംബചരിത്രത്തിന്‍റെ ആരംഭം, പാരമ്പര്യ വിശ്വാസവും ഐതീഹ്യങ്ങളും അനുസരിച്ച്, ക്രി.വ.ഒന്നാംനൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, വിശുദ്ധ തോമസ്അപ്പോസ്തോലന്‍റെ കൈകളാല്‍ പാലയൂരില്‍വച്ച് മറ്റുബ്രഹ്മണരോടുകൂടെ സ്നാനപ്പെട്ടശേഷം, കുറവിലങ്ങാട്ടേക്ക് കുടിയേറിയ പകലോമറ്റം കുടുംബത്തിലെ വല്യഔപ്പന്‍, ക്രിസ്തുവിന്‍റെ സുവിശേഷ ഘോഷണാര്‍ത്ഥം കുറവിലങ്ങാട്ടുനിന്ന്, തന്‍റെ ഗുരുവും മാര്‍ഗദര്‍ശിയുമായ മാര്‍തോമാശ്ലീഹാ ക്രി.വ. 54-ല്‍ കുരിശുനാട്ടി നിര്‍മിച്ച നിരണം പള്ളിയിലേക്കുള്ള ഒരുയാത്രാമദ്ധ്യേ, പമ്പാനദിയുടെ കരയിലുള്ള ചെങ്ങന്നൂര്‍ മുതവഴിയില്‍ വന്നതോടെയാണ്. നദിക്കരെ വിശ്രമിക്കവെ, മുതവഴിയിലെ സമ്പത്സമൃദ്ധമായ ചിത്രത്തൂര്‍ മOത്തിലെ ആഢൃബ്രാഹ്മണനും ആത്മജ്ഞാന ജിജ്ഞാസുവുമായ മഠാധിപതി, സാത്വികനും ആദ്ധ്യാത്മികശക്തിയും പ്രാര്‍ത്ഥനാവരമുള്ളവനുമായ ഈ യോഗീവര്യനെ കാണുകയും, അവര്‍ തമ്മിലുണ്ടായ സംഭാഷണത്തില്‍, മഠത്തിലെ മൂത്തപുത്രന് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ സന്താനഭാഗ്യം ഇല്ലായെന്നും അക്കാലത്തു നിലനിന്ന ബ്രാഹ്മണസമ്പ്രദായമനുസരിച്ച്, പുരുഷസന്താനമില്ലാതെ മഠം അന്യംനിന്നുപോകുമെന്ന ഉല്‍ക്കണ്ഠയിലാണെന്നും ബോദ്ധ്യമായി. വല്യഔപ്പന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സര്‍വശക്തനായ ദൈവത്തോട്, മഠo ആഗ്രഹിക്കുന്നതുപോലെ പുരുഷസന്തതി ലഭിക്കുവാന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചപ്പോള്‍, ദിവ്യനായ വല്യഔപ്പനുണ്ടായ വെളിപാടനുസരിച്ച്, ഒരുവര്‍ഷത്തിനകം മഠത്തില്‍ പുരുഷസന്തതി ജനിക്കുമെന്നു പ്രവചിച്ചു. ഈ ദീര്‍ഘദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍, നന്ദിസൂചകമായ ഉപകാരസ്മരണയായി മഠത്തിലെ പൂര്‍വ്വികസ്വത്തിന്‍റെ നേര്‍പകുതി വല്യഔപ്പന് ദാനംചെയ്യുമെന്ന് മഠാധിപതി വാഗ്ദാനം ചെയ്യ്തുപറഞ്ഞു. ഒരുവര്‍ഷത്തിനുശേഷം, വല്യഔപ്പന്‍ മഠത്തില്‍ തിരിച്ചെത്തിയപ്പോള്‍ തന്‍റെ പ്രവചനം യാഥാര്‍ത്ഥ്യമായെന്നറിഞ്ഞു സന്തോഷിച്ചു ദൈവനാമത്തെ മഹത്വപ്പെടുത്തി. മഠാധിപതി വാഗ്ദാനം ചെയ്തതുനിവര്‍ത്തിച്ച്, തന്‍റെ പൂര്‍വ്വികസ്വത്തിന്‍റെ നേര്‍പകുതി മഠത്തിന്‍റെ തെക്കുഭാഗത്തായി വല്യഔപ്പന് നല്‍കുകയും ആസ്ഥലത്ത് ഭവനം നിര്‍മ്മിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. അതുകൊണ്ട്, ആ ഭവനം ‘പാതിവെട്ടൂര്‍’ (പാതി-വെട്ടിയ-ഊര്‍) എന്ന് ആരംഭത്തില്‍ വിളിക്കപ്പെട്ടു. പക്ഷെ, ഈ സ്ഥലം മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കുറ്റിക്കാട് ആയിരുന്നു. ആ ‘കാടു’ ‘വെട്ടി’ ത്തെളിച്ച് താമസസ്ഥലം (ഊര്‍) ആക്കി; അങ്ങനെ, ‘കാടു-വെട്ടിയ-ഊര്‍’ എന്നറിയപ്പെട്ടത് ലോപിച്ച് ‘കാടുവെട്ടൂര്‍’ എന്നായി. വല്യഔപ്പന്‍ ഒരു ബ്രഹ്മചാരിയായ മഹാപുരോഹിതന്‍ ആയിരുന്നതിനാല്‍, അദ്ദേഹത്തിന്‍റെ ഇളയ സഹോദരനെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവന്ന് കൂടെതാമസിപ്പിച്ചു. അവര്‍ ആ സ്ഥലത്തെ മരങ്ങളും കുറ്റിച്ചെടികളും വെട്ടിത്തെളിച്ച് കാലക്ഷേപംചെയ്തു ജീവിതം നയിച്ചു. അങ്ങനെ, വല്യഔപ്പന്‍റെ സഹോദരന്‍റെ സന്തതിപരമ്പരകളാണ് കാടുവെട്ടൂര്‍ നസ്രാണികള്‍. ദൈവഭക്തരും ധാര്‍മികരുമായിരുന്ന മണ്മറഞ്ഞ കുടുംബാംഗങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വല്യഔപ്പന്‍ വെളിപ്പെടുത്തിയത്, അദ്ദേഹത്തിന്‍റെ ജ്ഞാനസ്നാനനാമം ‘യൂഹാനോന്‍’ എന്നാണ്.
വല്യഔപ്പന്റെ കാടുവെട്ടൂരെ കബറിടവും ശ്രാദ്ധവും (മീനം 12)
ക്രി.വ.72-)൦ ആണ്ടില്‍ രക്തസാക്ഷിത്വമരണം വരിച്ച, തന്‍റെ ഗുരുവും അപ്പോസ്തോലനുമായ മാര്‍തോമായുടെ ശിക്ഷണമനുസരിച്ച് ക്രിസ്തുസുവിശേഷം പ്രചരിപ്പിച്ചുകൊണ്ട് വല്യഔപ്പന്‍ നാട്ടിലുടനീളം സഞ്ചരിച്ചു. കാലസമ്പൂര്‍ണതയില്‍ നിശ്ചയിക്കപ്പെട്ട സമയത്ത്, “നല്ല പോര്‍പൊരുതി ഓട്ടംതികച്ച്, വിശ്വാസംകാത്ത്”, വല്യഔപ്പന്‍ തന്‍റെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ പരിശുദ്ധന്മാരോടുകൂടി “നീതിയുടെ കിരീടം ആദിവസത്തില്‍ സ്വീകരിക്കുവാന്‍” ഇഹലോകവാസം വെടിഞ്ഞു. ആ കാലഘട്ടത്തില്‍, ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും ക്രിസ്തീയ ദേവാലയവും ശവക്കോട്ടയും ഇല്ലാതിരുന്നതിനാലും, വല്യഔപ്പന്‍റെ ഭൌതികശരീരം തനിക്കു ദാനമായികിട്ടിയ സ്ഥലത്ത് അടക്കംചെയ്യണമെന്ന് ആഗ്രഹം പ്രകടിച്ചിരുന്നതിനാലും, ഇപ്പോള്‍ കുര്യാല (കല്ലറ) ഇരിക്കുന്ന സ്ഥലത്ത് അടക്കംചെയ്തു. അവിടെ, കാടുവെട്ടൂര്‍ തറവാടിന്‍റെ മുറ്റത്തിനുസമീപം, കുരിശിന്‍തൊട്ടിയോടുകൂടി പണികഴിപ്പിച്ച സ്മാരകകുടീരം, വളരെപിന്നീട് നിര്‍മ്മിച്ച കാടുവെട്ടൂര്‍ സെന്‍റ്മേരീസ് പള്ളിയുടെ അങ്കണത്തില്‍ സ്ഥിതിചെയ്യുന്നു. വല്യഔപ്പന്‍ കബറടങ്ങിയകാലംമുതലേ, കുര്യാലയില്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും എണ്ണത്തിരിവിളക്ക് കത്തിച്ചുവരുന്നു. വസൂരി മുതലായ രോഗ സൗഖ്യത്തിനും പൈശാചികബാധവിടുതലിനും അഭീഷ്ടകാര്യസിദ്ധിക്കായും മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നേര്‍ച്ചകാഴ്ച്ചകളോടെ നാനാജാതിമതസ്ഥരായ ഭക്തജനങ്ങള്‍ വിശുദ്ധന്‍റെ കബറിടത്തിലേക്ക് നിത്യേനയെന്നോണം എത്തിക്കൊണ്ടിരിക്കുന്നത്, അസംഖ്യം അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഈ പരിശുദ്ധന്‍റെ മദ്ധ്യസ്ഥതയാല്‍ സംഭവിക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷമായ തെളിവുകളാണ്. എല്ലാ ശനിയാഴ്ചരാവിലെയും മറ്റുപ്രത്യേകസന്ദര്‍ഭങ്ങളിലും കാടുവെട്ടൂര്‍ സെന്‍റ്മേരീസ് ദേവാലയത്തില്‍, വല്യഔപ്പന്‍റെ മധ്യസ്ഥതയാല്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിസൂചകമായി ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, കുടുംബാംഗങ്ങളും മറ്റു വിശ്വാസികളും അതില്‍ സംബന്ധിക്കുകയും ചെയ്യുന്നു.
എല്ലാവര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍, കൃത്യമായി മലയാളമാസം മീനം 12-)൦ തീയതി, ചരമവാര്‍ഷിക ദിവസത്തെ ശ്രാദ്ധച്ചടങ്ങുകളുടെ ഭാഗമായി രാവിലെ ദൈവാലയത്തില്‍ ശുശ്രൂഷകളും വി.കുര്‍ബാനയും മലങ്കര ഓര്‍ത്തോഡോക്സ് ആരാധനാക്രമപ്രകാരം ഒരുമേലദ്ധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുകയും, തുടര്‍ന്ന് റാസയും, കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും കൈമുത്തും, അതിനുശേഷം കാടുവെട്ടൂര്‍ കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിക്കുന്ന ആയിരക്കണക്കിനു കുടുംബാംഗങ്ങള്‍ക്കും നാനാജാതിമതസ്ഥരായ ഭക്തജനങ്ങള്‍ക്കും വല്യഔപ്പന്‍റെ നേര്‍ച്ചയായി സസ്യാഹാര സമൂഹസദ്യയും നടത്തപ്പെടുന്നു. ശ്രാദ്ധദിവസത്തെ പ്രധാന നേര്‍ച്ചവസ്തു ആശീര്‍വദിച്ച വരട്ടുപായസമാണ്. ശ്രാദ്ധപ്പെരുന്നാള്‍ദിവസം അതിരാവിലെ ചിത്രത്തൂര്‍മഠത്തിലെ കാരണവരും കുടുംബാംഗങ്ങളും വല്യഔപ്പന്‍റെ കബറിടത്തില്‍ നിലവിളക്കുകൊളുത്തുന്നത് നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരമാണ്. ആദിവസം പ്രഭാതംമുതല്‍ പ്രദോഷംവരെ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ വല്യഔപ്പന്‍റെ കബറിടത്തിലേക്ക് എത്തുകയും തങ്ങള്‍ക്കുലഭിച്ച വിവിധതരങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായി നേര്‍ച്ചകാഴ്ച്ചകള്‍ സമര്‍പ്പിക്കുകയും വിളക്ക് തെളിയിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജാതിമതസൗഹാര്‍ദ്ദത്തിന്‍റെ ഉത്തമ ഉദാഹരണവും, സന്താപകാലത്തും സന്തോഷകാലത്തും നാനാജാതിമതസ്ഥരായ നാട്ടുകാര്‍ക്കും നാടിനും സാന്ത്വനവും അഭയസ്ഥാനവുമാണ് കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ കബറിടവും കാടുവെട്ടൂര്‍ സെന്‍റ്മേരീസ് ദേവാലയവും.
കാടുവെട്ടൂര്‍ സെന്‍റ്മേരീസ് ദേവാലയവും പെരുനാളും
വല്യഔപ്പന്‍റെ കബറിടത്തിനു പടിഞ്ഞാറുഭാഗത്തായി കാടുവെട്ടൂര്‍ തറവാട് ദാനംചെയ്ത സ്ഥലത്തും പിന്നീട് ലഭ്യമായ സ്ഥലത്തുമായി പണികഴിപ്പിച്ചിരിക്കുന്നതും, രജിസ്റ്റര്‍ ചെയ്ത കാടുവെട്ടൂര്‍ കുടുംബയോഗത്തിന്‍റെ ഉടമസ്ഥതയിലുമുള്ള കാടുവെട്ടൂര്‍ സെന്‍റ്മേരീസ് ദേവാലയവും അനുബന്ധ കെട്ടിടങ്ങളും, സാധാരണ ദേവാലയങ്ങളെപ്പോലെ ഏതെങ്കിലും ഒരുപ്രത്യേക ക്രിസ്തീയ സഭാവിഭാഗത്തിന്‍റെ ഉടമസ്ഥതയിലുള്ളതോ ഇടവകപ്പള്ളിയോ അല്ല. എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളിലും ഉള്‍പ്പെട്ട വിവിധ ഇടവകളിലെ കാടുവെട്ടൂര്‍ കുടുംബാംഗങ്ങള്‍ക്ക് ഇവിടെ പ്രാര്‍ത്ഥനാ സ്വാതന്ത്രൃം ഉണ്ടെങ്കിലും, പള്ളിയ്ക്കു സമീപത്തും ചുറ്റുപാടുമായി വസിക്കുന്ന കുടുംബാംഗങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാവിശ്വാസികളായതുകൊണ്ട്, വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള കാടുവെട്ടൂര്‍പള്ളിയിലെ വി.കുര്‍ബ്ബാനയും മറ്റു ശുശ്രൂഷകളും, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാവിശ്വാസത്തിലും ശുശ്രൂഷാക്രമപ്രകാരവുമാണ് നടന്നുവരുന്നത്. ക്രി.വ.ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനകാലഘട്ടംമുതല്‍ കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ കബറിടം അവിടെയുണ്ടായിരുന്നെങ്കിലും, പില്ക്കാലത്ത് കുടുംബത്തിലെ മണ്മറഞ്ഞ പിതാക്കന്മാരുടെ അര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും കൊണ്ട് ശ്രീ.നൈനാന്‍ തോമസ് കുടുംബയോഗം പ്രസിഡന്‍റായിരുന്നപ്പോള്‍ പണികഴിപ്പിച്ച, കാടുവെട്ടൂര്‍ സെന്‍റ്മേരീസ് ദേവാലയം ക്രി.വ.1976 മാര്‍ച്ചുമാസം 25-)൦ തീയതി ദൈവമാതാവിന്‍റെ വചനിപ്പുപെരുനാള്‍ ദിവസം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ തുമ്പമണ്‍ ഭദ്രാസന മെത്രോപ്പോലീത്താ, അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സീനോസ് തിരുമേനി കൂദാശ ചെയ്തതാണ്. ക്രി.വ.1953 മാര്‍ച്ചുമാസം 25-)൦ തീയതി, ഈ ദേവാലയ നിര്‍മ്മാണത്തിനു തറക്കല്ലിട്ടത്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനസ്തംഭവും ഭക്ത്യാദരണീയനുമായ കാലംചെയ്ത അഭിവന്ദ്യ മാത്യൂസ് മാര്‍ കൂറിലോസ് മെത്രോപ്പോലീത്താ, (പിന്നീട് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ) റമ്പാനായിരുന്ന കാലത്താണ്. 20-)൦ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ത്ഥത്തില്‍ വിവിധ കാലയളവുകളില്‍ മലങ്കരമെത്രാപ്പോലീത്താമാരും പൗരസ്ത്യ കാതോലിക്കാമാരുമായിരുന്ന, മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍, മാത്യൂസ് ദ്വിതീയന്‍, ദിദിമോസ് പ്രഥമന്‍ എന്നീ ബാവാമാരും നിരവധി മെത്രാപ്പോലീത്താമാരും ഈ ദേവാലയത്തില്‍ പെരുനാള്‍ദിവസം വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും വല്യഔപ്പന്‍റെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. 19-)൦ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടത്തില്‍ മലങ്കരമെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത്ത് അഭിവന്ദ്യ മാത്യൂസ് മാര്‍ അത്താനാസിയോസ് തിരുമേനിയും വല്യഔപ്പന്‍റെ കബറിടം സന്ദര്‍ശിച്ചിട്ടുണ്ട്. ദേവാലയത്തിന്‍റെയും വല്യഔപ്പന്‍റെ കബറിടത്തിന്‍റെയും ഭരണകേന്ദ്രത്തിന്‍റെയും ചുമതലവഹിക്കുന്ന മൂലകുടുംബയോഗം ഭരണസമിതിയുടെ തീരുമാനപ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ ഏഴരമണിക്ക് ദേവാലയത്തില്‍ പ്രഭാതനമസ്കാരവും, തുടര്‍ന്ന് വി.കുര്‍ബ്ബാനയും ഓര്‍ത്തഡോക്സ് വിശ്വാസാനുഷ്ട്ടാനങ്ങള്‍ പ്രകാരം നടത്തിവരുന്നു. ദേവാലയത്തിന്‍റെ പ്രതിഷ്ഠാപെരുന്നാള്‍ എല്ലാവര്‍ഷവും മാര്‍ച്ചുമാസം 25-)o തീയതി വി.കുര്‍ബ്ബാനയോടെയും ആഘോഷപൂര്‍വ്വമായ റാസയോടെയും നേര്‍ച്ചവിളമ്പോടെയും ദൈവമാതാവിന്‍റെ വചനിപ്പുപെരുനാള്‍ ദിവസം നടത്തപ്പെടുന്നു.
കാടുവെട്ടൂര്‍ വല്യഔപ്പന്റെ വെള്ളംകുടി (Feast) പ്രാര്‍ത്ഥനായോഗം
ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് ബ്രാഹ്മണനായിരുന്ന തങ്ങളുടെ കുടുംബസ്ഥാപകനായ കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ ഓര്‍മ്മയെ ആദരിക്കുന്ന, ക്രിസ്തീയസമൂഹത്തില്‍ സമാനതകളില്ലാത്തതും പ്രധാനമായും ബ്രാഹ്മണീയ ആചാരരീതിയുമായ ‘വെച്ചുവിരിപ്പും’ ‘വെള്ളംകുടിയും’ തലമുറതലമുറയായി നടത്തുന്നതില്‍ കാടുവെട്ടൂര്‍ മാപ്പിളമാരും മറ്റു വിശ്വാസികളും അഭിമാനംകൊള്ളുന്നു. ക്രി.വ.ഒന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, പകലോമറ്റം വല്യഔപ്പന്‍ തന്‍റെ സഹോദരനും കുടുംബവുമൊത്ത്, കുറവിലങ്ങാട്ടുനിന്ന്‍ ചെങ്ങന്നൂര്‍ മുതവഴിയില്‍ ചിത്രത്തൂര്‍ മഠത്തിനു സമീപമുള്ള കാടുവെട്ടൂരില്‍ താമസമായതോടെ ആരംഭിച്ച കാടുവെട്ടൂര്‍ കുടുംബത്തിന്‍റെ ചരിത്രപരവും പൗരാണികവും ആധികാരികവുമായ തെളിവും സാക്ഷ്യവുമായി വല്യഔപ്പന്‍റെ കബറിടവും, ബ്രാഹ്മണനായിരുന്ന പിതാമഹനെ ആദരിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന, തലമുറതലമുറയായി പിന്തുടരുന്ന ബ്രാഹ്മണധര്‍മ്മമായ ‘വെച്ചുവിരിപ്പും’ ‘വെള്ളംകുടിയും’, കുടുംബത്തിന്‍റെ ബ്രാഹ്മണീയ വേരുകളുടെ സ്പഷ്ടമായ തെളിവും അനുഷ്ഠാന സാക്ഷ്യവുമായും നിലനില്‍ക്കുന്നു. നസ്രാണി ബ്രാഹ്മണര്‍ അവരുടെ പൂര്‍വ്വകാല ഹിന്ദുബ്രാഹ്മണ സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ ജീവിച്ചിരുന്ന കേരളീയ സാമൂഹിക-സാംസ്കാരിക സാഹചര്യത്തിനനുസൃതമായി പിന്തുടര്‍ന്നു; പക്ഷെ ക്രിസ്തീയമായ പ്രാര്‍ത്ഥനയോടും, വിശ്വാസത്തോടെ വാങ്ങിപ്പോയവരെ ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്ന പരമ്പരാഗതമായ വിശ്വാസത്തോടുംകൂടെമാത്രം. ഈ ലോകത്തില്‍നിന്നും വാങ്ങിപ്പോയ പൂര്‍വ്വികരെ നന്ദിയോടെ ഓര്‍മ്മിക്കുകയും, അവരുടെ ശവകുടീരങ്ങളില്‍ ധൂപപ്രാര്‍ത്ഥന നടത്തുകയും, കേരളീയ നസ്രാണി സമൂഹം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന ബാബിലോണിയന്‍,സുറായ-പേര്‍ഷ്യന്‍ ക്രിസ്തുമത ആചാര, സംസ്കാരത്തിന്‍റെ ഭാഗമായി അനുവര്‍ത്തിച്ചുവരുന്ന, ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുനാളിലെപ്പോലെ, പക്ഷിനേര്‍ച്ചകാഴ്ച്ചകള്‍ നടത്തുകയും ചെയ്യുന്നത് നമ്മുടെയും പാരമ്പര്യ ആചാരാനുഷ്ഠാനത്തിന്‍റെ ഭാഗമാണ്. പുര്‍വ്വപിതാക്കന്മാരുടെ ഓര്‍മ്മയും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ച്ചകളും തലമുറകള്‍ക്ക് അനുഗ്രഹകരമെന്ന് വിശ്വസിക്കപ്പെടുന്നു.
കാടുവെട്ടൂര്‍ മൂലകുടുംബയോഗം
ദൈവകൃപയാലും കുടുംബത്തിന്‍റെ സ്ഥാപകനായ വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയാലും, ക്രി.വ. 1910-ല്‍ ആരംഭിച്ച കാടുവെട്ടൂര്‍ മൂലകുടുംബയോഗത്തിന്‍റെ ശതാബ്ദി 2010-ല്‍ പിന്നിട്ടു. ഒരുനൂറ്റാണ്ടുമുമ്പുമുതലുള്ള അതിന്‍റെ പ്രാരംഭകാലത്തെയും പില്‍ക്കാലത്തെയും പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും നയിക്കുകയുംചെയ്ത പൂര്‍വ്വപിതാക്കന്മാരുടെയും നിലവിലുള്ള ഭാരവാഹികളുടെയും ത്യാഗോജ്വലവും നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍മൂലം, ഇടമുറിയാതെ പ്രവര്‍ത്തിച്ച കുടുംബയോഗത്തിന്‍റെ 110-)൦ വാര്‍ഷികമാണ് 2020-ല്‍. എല്ലാവര്‍ഷവും വല്യഔപ്പന്‍റെ ശ്രാദ്ധപ്പെരുന്നാളിന്‍റെ ഒന്നാംദിവസം നടത്തപ്പെടുന്ന കാടുവെട്ടൂര്‍ കുടുംബയോഗത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഓഡിറ്റ്‌ചെയ്ത വരവു-ചെലവുകണക്കും ഓഡിറ്റ്‌റിപ്പോര്‍ട്ടും പുതുവര്‍ഷബജറ്റും അവതരിപ്പിക്കുന്നു. കുടുംബയോഗ അദ്ധ്യക്ഷന്‍, രക്ഷാധികാരികള്‍, ഉപാദ്ധ്യക്ഷര്‍, കാര്യദര്‍ശികള്‍, ഖജാന്‍ജി, മറ്റുഭരണസമതിഅംഗങ്ങള്‍, കണക്കുപരിശോധകര്‍ എന്നിവരെ കുടുംബയോഗത്തിന്‍റെ രജിസ്റ്റര്‍ ചെയ്ത ഭരണഘടനയ്ക്കും നിയമാവലിയ്ക്കും അനുസൃതമായി, ഒരുവര്‍ഷ കാലാവധിയോടെ തെരഞ്ഞെടുക്കുന്നു. മൂലകുടുംബയോഗത്തില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതും മദ്ധ്യതിരുവിതാംകൂര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്നതുമായ 10 ശാഖാ കുടുംബയോഗങ്ങള്‍ ഇപ്പോഴുണ്ട്: (1)നരിയാപുരം-കാടുവെട്ടൂര്‍, (2)കോഴഞ്ചേരി-വഞ്ചിത്ര-തേവര്‍തുണ്ടിയില്‍, (3) മാവേലിക്കര-ചെറുകോല്‍-കാടുവെട്ടൂര്‍, (4)തേവേരി-പുള്ളിപ്പടവില്‍, (5)നിരണം-കാടുവെട്ടൂര്‍, (6)പള്ളിപ്പാട്-മൂത്താംപാക്കല്‍, (7)മുണ്ടക്കയം-വലിയപുതുശ്ശേരി, (8)വള്ളംകുളം-കാടുവെട്ടൂര്‍, (9)തലവടി-കാരിശ്ശേരില്‍, (10)വെണ്ണിക്കുളം-കാടുവെട്ടൂര്‍. രജിസ്റ്റര്‍ ചെയ്ത ഓരോ ശാഖാകുടുംബയോഗത്തില്‍നിന്നും പ്രസിഡന്‍റ്, സെക്രട്ടറി എന്നീ സ്ഥാനികളും, ശാഖാ കുടുംബയോഗങ്ങളിലെ അംഗസംഖ്യയ്ക്ക് അനുസൃതമായുള്ള അംഗങ്ങളും മൂലകുടുംബയോഗ ഭരണസമതിയിലേക്ക് ഓരോവര്‍ഷവും ഉള്‍പ്പെടുത്തപ്പെടുന്നു. കാടുവെട്ടൂര്‍ സെന്‍റ്മേരീസ് പള്ളിയുടെയും വല്യഔപ്പന്‍റെ കബറിടത്തിന്‍റെയും മൂലകുടുംബയോഗഓഫീസിന്‍റെയും ദൈനംദിന കൃത്യനിര്‍വ്വഹണംനടത്തുന്ന ഭരണസമതിയില്‍ മൂലകുടുംബയോഗം പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ്, ജനറല്‍സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍, എന്നീസ്ഥാനങ്ങളിലേക്ക്, ഭരണ സൗകര്യാര്‍ത്ഥം മൂലകുടുംബത്തിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. കൂടാതെ മൂലകുടുംബത്തിലെ എല്ലാ ഉപകുടുംബങ്ങളില്‍നിന്നും പ്രതിനിധികളെ ഭരണസമതിയിലേക്ക് ഓരോവര്‍ഷവും തെരഞ്ഞെടുത്ത് ഉള്‍കൊള്ളിക്കുന്നു.
പ്രമുഖരായ പുരോഹിത, അല്മായ കുടുംബാംഗങ്ങള്‍
മൂലകുടുംബയോഗത്തിന്‍റെ മുഖ്യരക്ഷാധികാരി മൂലകുടുംബാംഗമായ ഓര്‍ത്തഡോക്സ് സഭയിലെ അഭിവന്ദ്യ ഡോ.സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായാണ്. മാര്‍ത്തോമാ സഭയിലെ അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ്, യാക്കോബായാ സഭയിലെ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നിവരും കുടുംബത്തിലെ അംഗങ്ങളായ മെത്രാപ്പോലീത്താമാരാണ്.
മലങ്കരസഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്സിയോസ് ആറാമന്‍ മെത്രാപ്പോലീത്താ, കാടുവെട്ടൂര്‍ കോഴഞ്ചേരി-വഞ്ചിത്ര തേവര്‍തുണ്ടിയില്‍ ശാഖയിലെ ഒരിപ്രാമണ്ണില്‍ ഉപകുടുംബത്തിലെ മാതൃ താവഴിയിലുള്ള സന്താനമാണെന്നത് നമുക്കും അഭിമാനകരമാണ്. മാര്‍തോമാ സഭയിലെ പ്രഥമ മിഷനറി ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ അത്താനാസ്സിയോസ് വഞ്ചിത്ര-തേവര്‍തുണ്ടിയില്‍ ശാഖയിലെ ഒരു വല്യമ്മച്ചിയുടെ പൗത്രന്‍റെ മകനാണെന്ന്, ആ ശാഖകുടുംബത്തിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായിരുന്ന മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍തോമാ ദിദിമോസ് പ്രഥമന്‍റെ മാതാവ് പരേതയായ ശോശാമ്മ, കാടുവെട്ടൂര്‍ കുടുംബത്തിലെ (ഇടനാട്ടില്‍) അംഗം (മാവേലിക്കര ചിറമേല്‍ മുളമൂട്ടില്‍ തോമസിന്‍റെ പത്നി) ആയിരുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം.
കൂടാതെ, ക്രി.വ.19-)൦ നൂറ്റാണ്ടിലെ മലങ്കരസഭാവിഭജനകാലത്ത് ചെങ്ങന്നൂര്‍ പഴയസുറിയാനിപ്പള്ളിയിലെ വികാരിമാരായിരുന്ന മൂലകുടുംബത്തിലെ വൈദ്യന്‍വീട്ടില്‍ വന്ദ്യ ജോസഫ് കത്തനാരും, പുത്രന്‍ വന്ദ്യ കോശി കത്തനാരും, 1895-ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍റെ നടത്തിപ്പിലേക്കു നയിച്ച 1888-ലെ ചെങ്ങന്നുര്‍ കല്ലിശ്ശേരി ‘കടവില്‍ മാളിക‘ യോഗത്തില്‍ പങ്കെടുത്തവരില്‍ പ്രമുഖനും, ഓതറയില്‍ അധഃകൃതരുടെ സുവിശേഷീകരണത്തിനായി പ്രവര്‍ത്തിക്കുകയുംചെയ്ത മൂലകുടുംബത്തിലെ കൊട്ടാരത്തില്‍ വന്ദ്യ വര്‍ക്കിതോമസ് കത്തനാരും, 17-)൦ നൂറ്റാണ്ടില്‍ കോഴഞ്ചേരി പള്ളിസ്ഥാപനകാലത്ത് വൈദികനായിരുന്ന വഞ്ചിത്ര-തേവര്‍തുണ്ടിയില്‍ മൂപ്പച്ചനും, പിന്‍തലമുറയില്‍പെട്ട വല്യതുണ്ടിയില്‍ കത്തനാര്‍മാര്‍ ഉള്‍പ്പെടെയുള്ള അനവധി പുരോഹിതന്മാരും, 17-)൦ നൂറ്റാണ്ടില്‍ തേവേരി-പുള്ളിപ്പടവില്‍ ശാഖാസ്ഥാപകനായിരുന്ന കുഞ്ഞുമ്മന്‍ ഔപ്പനും, 19-)൦ നൂറ്റാണ്ടില്‍ ആംഗ്ളിക്കന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സി.എസ്.ഐ. സഭയില്‍ വിദ്യാഭ്യാസ-വൈദിക മേഖലകളിലും നിര്‍ദ്ധനരുടെ ഉന്നമനത്തിലും വ്യാപൃതനായിരുന്ന മാവേലിക്കര ശാഖാസ്ഥാപകന്‍ പുത്തന്‍പുരകിഴക്കേതില്‍-ക്രിസ്റ്റോണ്‍ റവ.പി.എം.വര്‍ഗ്ഗീസ് അച്ചനും, 20-)൦ നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടത്തില്‍ ബ്രഹ്മവാര്‍ മിഷനില്‍ കൊങ്കിണി ഭാഷക്കാരുടെ സുവിശേഷീകരണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ച സന്യസ്ത വൈദികന്‍ നരിയാപുരം പറമ്പില്‍ വന്ദ്യ പി.ജി.കോശി അച്ചനും ഉള്‍പ്പെടെ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളിലെയും മണ്മറഞ്ഞ വൈദീകശ്രേഷ്ഠരും, ഇപ്പോള്‍ സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂലകുടുംബത്തിലെയും ശാഖാകുടുംബങ്ങളിലെയും പ്രഗല്ഭരായ നിരവധി വന്ദ്യപുരോഹിതന്മാരും, കന്യാസ്ത്രീകളും, പാസ്റ്ററന്മാരും, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, യാക്കോബായ, കത്തോലിക്കാ, സി.എസ്.ഐ, ഇവാഞ്ജലിക്കല്‍, പെന്തിക്കോസ്തല്‍ സഭാവിഭാഗങ്ങളിലായി കുടുംബത്തിലെ പുരോഹിത സ്ഥാനികളായുണ്ട്.
ക്രി.വ.20-)൦ നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായി ദിവാന്‍ സര്‍ സി.പി.യുടെ ഏകാധിപത്യ ഭരണത്തിനെതിരായും, സ്വാതന്ത്രൃസമരത്തിലും പങ്കെടുത്ത പ്രമുഖ ഹൈക്കോടതി അഡ്വക്കേറ്റ് ശ്രീ.കെ.റ്റി.തോമസ് കൊട്ടാരത്തില്‍ (മുന്‍ കുടുംബയോഗം പ്രസിഡന്‍റ്), കോന്നി MLA-യും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പറമ്പില്‍ ശ്രീ.പി.ജെ.തോമസ്, പ്രശസ്ത ബഹിരാകാശശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ ഡോ.ജോര്‍ജ്ജ് ജോസഫ് വൈദ്യന്‍വീട്ടില്‍, ജില്ലാകളക്ടര്‍മാരും ഗവ.സെക്രട്ടറിമാരുമായിരുന്ന മുണ്ടോലില്‍ ശ്രീ.ഐപ്പ് മാത്യു ഐ.എ.എസ്, പുള്ളിപ്പടവില്‍ ശ്രീമതി.അന്ന ജോര്‍ജ്ജ് മല്‍ഹോത്ര ഐ.എ.എസ്, സുപ്രസിദ്ധ കഥാകൃത്ത് ശ്രീ.പി.അയ്യനേത്ത്, കോളേജ് പ്രിന്‍സിപ്പല്‍മാരായിരുന്ന ഫാദര്‍ ഡാനിയേല്‍ അയ്യനേത്ത്, ഫാദര്‍ ഉമ്മന്‍ അയ്യനേത്ത് എന്നിവര്‍ തുടങ്ങി, സ്വാതന്ത്രൃസമര, രാഷ്ട്രീയ, അഭിഭാഷക-ന്യായാധിപ, സാമൂഹ്യ, സാമുദായിക, കലാ, സാഹിത്യ, സൈനിക, ഔദ്യോഗിക, ശാസ്ത്ര-സാങ്കേതിക, അക്കൗണ്ടന്‍സി, വൈദ്യശാസ്ത്ര, ഉന്നതവിദ്യാഭ്യാസ, മാനേജ്മെന്‍റ്, വ്യാപാര-വ്യവസായ, കാര്‍ഷിക മേഖലകളില്‍ അംഗീകാരം നേടി, കേരളത്തിലും ഇന്‍ഡ്യയിലെ മറ്റു വിവധ സ്ഥലങ്ങളിലും വിദേശരാജ്യങ്ങളിലും ദൈവക്രൃപയാല്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ നിരവധി അല്മായവ്യക്തിത്വങ്ങളും, വംശാവലിയില്‍ പേരെടുത്തു പറഞ്ഞിരിക്കുന്നതുപോലെ കുടുംബാംഗങ്ങളായുണ്ട്. അവര്‍ അധിവസിക്കുന്നത് പ്രധാനമായും ചെങ്ങന്നൂര്‍, നിരണം, തേവേരി, എടത്വാ, തലവടി, മാവേലിക്കര, ചെറുകോല്‍, ചെന്നിത്തല, കോഴഞ്ചേരി, വഞ്ചിത്ര, നരിയാപുരം, അഞ്ചല്‍, കോന്നി, പത്തനാപുരം, അയിരൂര്‍, വള്ളംകുളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോട്ടയം, മല്ലപ്പള്ളി, തിരുവല്ല, വെണ്ണിക്കുളം, പള്ളിപ്പാട്, തിരുവനന്തപുരം, എറണാകുളം, ആലുവ തുടങ്ങിയ പ്രദേശങ്ങളിലും, കൂടാതെ ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ്.
മൂലകുടുംബ വംശാവലിയും ചരിത്രഗ്രന്ഥവും
ചെങ്ങന്നൂരില്‍നിന്നു കാലാകാലങ്ങളിലായി മാറിത്താമസിക്കുന്ന ശാഖാകുടുംബങ്ങളുടെ ചരിത്രവും വംശാവലിയും അവരുടേതായി പ്രത്യേകം തയ്യാറാക്കി ലഭ്യമായതിനാലും വിസ്താരഭയത്താലും ഒഴിവാക്കി, കാടുവെട്ടൂര്‍ മൂലകുടുംബത്തിന്‍റെ വേരുകള്‍ ആറേഴു പുരുഷ തലമുറകള്‍ പിന്തുടര്‍ന്നു കണ്ടെത്തി തയ്യാറാക്കിയ, ചെങ്ങന്നൂര്‍ പ്രദേശത്തുള്ള മുപ്പതോളം ഉപകുടുംബങ്ങളിലെ രണ്ടായിരത്തോളം അംഗങ്ങളുടെ അഞ്ഞൂറോളം ഭവനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വംശവൃക്ഷവും വംശാവലിയും, വല്യഔപ്പന്‍റെ ശ്രാദ്ധ, ‘വെള്ളംകുടി’, സെന്‍റ്മേരീസ്പള്ളിപ്പെരുന്നാള്‍ വിശേഷങ്ങളും, സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ മൂലകുടുംബചരിത്രം, പേര്‍ഷ്യന്‍-മലങ്കരസഭാചരിത്ര, നസ്രാണിപാരമ്പരൃ, കേരള-ചെങ്ങന്നൂര്‍ചരിത്ര പശ്ച്ചാത്തലത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ളത് പുസ്തകമായും ഡിജിറ്റലായും ലഭ്യമാണ്. ആ ഉപകുടുംബങ്ങള്‍: കാടുവെട്ടൂര്‍തറവാട്, പള്ളത്ത്, പനങ്കാട്ടില്‍, മുണ്ടോലില്‍, പ്ലാന്തറയില്‍, ഇല്ലത്ത്, കൂനംപറമ്പില്‍, ആക്കല്ലൂര്‍, ളാഹയില്‍, കണ്ടത്തില്‍, കൊട്ടാരത്തില്‍, വൈദ്യന്‍വീട്ടില്‍, മാന്താനത്ത്, മേലേത്തേതില്‍, കൊക്കാരത്ത്, നെയ്യശ്ശേരില്‍, കരിങ്ങാട്ടില്‍, കൊച്ചീത്ര, തച്ചരുപള്ളത്ത്, ഇലഞ്ഞിമൂട്ടില്‍പറമ്പില്‍, കഴുന്നാക്കുന്നേല്‍, കളീക്കല്‍തെക്കേതില്‍, പടിഞ്ഞാറെഉഴത്തില്‍, കല്ലുഴത്തില്‍, കീച്ചേരിപ്പള്ളത്ത്, കീച്ചേരില്‍, പാലമൂട്ടില്‍, കരിമ്പിന്‍കാലായില്‍, വടക്കേലേത്ത് എന്നിവയാണ്. കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയും പ്രാര്‍ത്ഥനയും ഏവര്‍ക്കും കാവലും കോട്ടയും അനുഗ്രഹപ്രദവുമായിത്തീരട്ടെ.
(For private circulation only – Compiled by Ninan Kaduvettoor for Kaduvettoor Parent Family) WWW.kaduvettoorchurch.com
(കാടുവെട്ടൂര്‍ മൂലകുടുംബയോഗത്തിനു വേണ്ടി നൈനാന്‍ കാടുവെട്ടൂര്‍ തയ്യാറാക്കി, 2020 ശ്രാദ്ധദിവസം പ്രകാശനം ചെയ്തത്)